ചൈനയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. 104% അധിക തീരുവയാണ് ചുമത്തിയിരിക്കുന്നത്. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം ലെവി ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായി, “താരിഫ് ബ്ലാക്ക്‌മെയിലിംഗ്” കണ്ട് ഭയപ്പെടില്ലെന്നും യുഎസ് അടിസ്ഥാനരഹിതമായ കാരണങ്ങളാൽ താരിഫ് ചുമത്തിയതാണെന്നും ചൈന പറഞ്ഞു.യുഎസ് ഇറക്കുമതിക്ക് 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ പ്രഖ്യാപനം പിൻവലിക്കാൻ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നൽകിയ ട്രംപ്, സമയപരിധി പാലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ അധിക 50% താരിഫ് ബാധകമാകുമെന്ന് പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുവ കൂട്ടിയ തീരുമാനം.അതേസമയം, യു എസ് ഓഹരികൾ സജീവമാകുന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആഗോള താരിഫുകളെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ കർശനമായ നിലപാട് നിക്ഷേപകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. വിപണിയിൽ ഇന്ന് ആദ്യകാല വ്യാപാരത്തിൽ 3–5% വർധനവ് രേഖപ്പെടുത്തി. സെൻസെക്സ് ഓഹരികളിൽ ടൈറ്റാൻ, അദാനി പോർട്സ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയായിരുന്നു ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടി ഭീമനായ ടിസിഎസ് മാത്രമാണ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവിൽ നിന്ന് കരകയറിയ സെൻസെക്സ് 1,206 പോയിന്റ് അഥവാ 1.65% ഉയർന്ന് 74,343 ലും നിഫ്റ്റി 50 രാവിലെ 9:18 ഓടെ 365 പോയിന്റ് അഥവാ 1.65% ഉയർന്ന് 22,527 ലും എത്തി.