പാലക്കാട് മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയില്‍ താമസിച്ചിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.കഠിനമായ ചൂട് കാരണം വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ ഉറങ്ങുകയായിരുന്നു ചന്ദ്രനും മറ്റ് രണ്ടുപേരും.ഇതിനിടയിലേക്ക് എത്തിയ കാട്ടാന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.ശബ്ദം കേട്ട് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ചന്ദ്രന് അപകടത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനായില്ല.ആനയുടെ ചവിട്ടേറ്റ ചന്ദ്രന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.മുമ്പ് മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം.ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യം സാധാരണയായി ഉണ്ടാകാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

