കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരുതോങ്കര കക്കുടാരത്തിൽ നെല്ലിപറമ്പത്ത് ഷിംജിത്തിന്റെ മകൻ പൃഥ്വിജിത്ത് (22) ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ ഓത്തിയോട്ട് സിറാജുൽ ഹുദാ കോംപ്ലക്സിന് സമീപമായിരുന്നു സംഭവം. കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന പൃഥ്വിജിത്ത്, റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലം സ്ഥിരം അപകടമേഖലയാണെന്നും ഇവിടെ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

