വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു .ഇരട്ടക്കൊലപാതക കേസുകളുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിന്‍റെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.വെന്നിക്കോട് സ്വദേശി ‘പടക്കം പ്രദീപ്’ എന്ന പ്രദീപ് (37), കാറാത്തല സ്വദേശി കിരണ്‍ദാസ് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വർക്കല കാറാത്തല ലക്ഷംവീട് കോളനിയിലെ അജീഷിന്‍റെ വീട്ടിലായിരുന്നു സംഭവം.വെട്ടുകത്തി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വീട്ടിലെത്തിയ പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെതിരെ വധഭീഷണി മുഴക്കുകയുമായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ ഇയാളെ പ്രതികള്‍ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടാൻ ശ്രമിച്ചു. എന്നാല്‍ യുവാവ് സമയോചിതമായി മുൻവാതില്‍ അടച്ചതിനാല്‍ വെട്ട് വാതിലില്‍ പതിക്കുകയായിരുന്നു.തുടർന്ന് അടുക്കളവാതില്‍ വഴി ഓടി രക്ഷപ്പെട്ട് സമീപത്തെ കുടുംബവീട്ടിലെ മുറിയില്‍ കയറി വാതിലടച്ചാണ് ജീവൻ രക്ഷിച്ചത്.

