കാഫിർ സ്ക്രീൻഷോട്ട് കേസില്‍ റിമാൻഡിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയില്‍മോചിതനായി.
വടകര സബ് ജയിലിന് പുറത്തിറങ്ങിയ ജിതിന് സി.പി.എം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലന്റെ നേതൃത്വത്തില്‍ പ്രവർത്തകർ വൻ സ്വീകരണമാണ് നല്‍കിയത്. ജയില്‍ കവാടം മുതല്‍ ഏരിയ കമ്മിറ്റി ഓഫീസ് വരെ പ്രവർത്തകർ പ്രകടനവും നടത്തി. കേസില്‍ നടന്നത് രാഷ്ട്രീയ വേട്ട മാത്രമാണെന്ന് ജിതിൻ ഭാസ്കർ പ്രതികരിച്ചു. വടകര കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചാണ് ജിതിൻ കർശന ഉപാധികളോടെ ജാമ്യം നേടിയത്. ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ.

