സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് ഈ ദുരന്തം ഉണ്ടായത്. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചില്‍ തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണ്ണമായി അടച്ചുകളയുകയായിരുന്നു.തുരങ്കത്തിനുള്ളില്‍ ഏകദേശം 27-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ സംശയിക്കുന്നത്. എങ്കിലും അകത്തുള്ളവരുടെ കൃത്യമായ എണ്ണവും അവരുടെ നിലവിലെ അവസ്ഥയും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ദുരന്തത്തിന് പിന്നാലെ തുരങ്കത്തിനുള്ളില്‍ വാതക ചോർച്ചയുണ്ടായതായും സംശയമുയർന്നിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തകരുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.വിവരമറിഞ്ഞ ഉടൻ തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), സിക്കിം പോലീസ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്ത സംഘമാണ് സംഭവസ്ഥലത്ത് പ്രവർത്തിക്കുന്നത്. സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (എസ്‌എസ്‌ഡിഎംഎ) സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

