വിവാഹച്ചടങ്ങിന് സദ്യ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ കാറ്ററിംഗ് ഉടമ പോലീസ് കസ്റ്റഡിയിൽ. ‘ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ്’ ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച കോട്ടയം ചോറ്റി അമ്പലത്തിൽ നടന്ന വിവാഹത്തിനായി 400 പേർക്കുള്ള സദ്യയ്ക്കായി 1,40,000 രൂപ ഇയാൾ മുൻകൂറായി വാങ്ങിയിരുന്നു. എന്നാൽ വിവാഹ ദിവസം ഭക്ഷണം എത്തിക്കാതെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തതോടെ അതിഥികൾക്ക് ഭക്ഷണം നല്‍കാതെ കുടുംബം പ്രതിസന്ധിയിലായി. തുടർന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് അടിയന്തരമായി ഭക്ഷണം എത്തിച്ചാണ് കുടുംബം നാണക്കേടിൽ നിന്ന് രക്ഷപ്പെട്ടത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, കുന്നത്തുനാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.

