കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിൽ 22 വയസ്സുകാരിയായ കഫേ ജീവനക്കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.തിങ്കളാഴ്ച രാത്രിയാണ് സംഭവം. കർക്കർദൂമയിലെ ഒരു കഫേയിൽ ജോലി ചെയ്യുന്ന യുവതി സഹപ്രവർത്തകർക്കൊപ്പം പ്രീത് വിഹാറിലെ സൽത്താനേറ്റ് കഫെയിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. രാത്രി പതിനൊന്നരയ്ക്ക് പ്രവർത്തനം അവസാനിപ്പിച്ച കഫേ ജീവനക്കാരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വീണ്ടും തുറക്കുകയായിരുന്നു.ചൊവ്വാഴ്ച പുലർച്ചെ മൂന്നര വരെ പാർട്ടി തുടർന്നു. പാർട്ടിക്കിടെ രണ്ട് സഹപ്രവർത്തകർ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റുള്ളവർ ഇവർക്ക് ഒത്താശ ചെയ്തെന്നുമാണ് യുവതിയുടെ പരാതി.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിലും രേഖപ്പെടുത്തും. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

