ആറുമാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത 48,000 കാർഡുകൾ സംസ്ഥാനത്ത് മരവിപ്പിച്ചേക്കുമെന്ന് ആശങ്ക.കേന്ദ്ര സർക്കാരിന്റെ ‘കീം ഫോർ മോഡേൺൈസേഷൻ ആൻഡ് റീഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ’ (സ്മാർട്ട് പി.ഡി.എസ്) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കാർഡിലെ മുഴുവൻ അംഗങ്ങളും 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൽ ബയോമെട്രിക് ഇ-കെവൈസി നടത്തിയാൽ ഈ കാർഡുകൾ പുനഃസ്ഥാപിക്കും; ഇല്ലെങ്കിൽ റദ്ദാക്കപ്പെടും. ഇതിനെതിരെ കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രി തല ഉന്നതല യോഗം തീരുമാനിച്ചിട്ടുണ്ട്. മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക് കാർഡുകൾ റദ്ദാക്കപ്പെട്ടാൽ കേന്ദ്രവിഹിതത്തിൽ അനുപാതികമായി കുറവുണ്ടാകുമെന്ന ആശങ്കയും സംസ്ഥാനത്തിനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 5,370 മഞ്ഞ കാർഡുകളും, 38,909 പിങ്ക് കാർഡുകളും റേഷൻ വാങ്ങിയിട്ടില്ലെന്നും, ഈ വിഭാഗത്തിലുമായി 66,701 ഗുണഭോക്താക്കളുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, മുൻഗണനേതര വിഭാഗങ്ങളായ നീല, വെള്ള കാർഡ് ഉടമകളിൽ പലരും ആറു മാസത്തിലേറെയായി റേഷൻ വാങ്ങുന്നില്ലെങ്കിലും ഇവരുടെ വിഹിതം കുറയില്ല. രാജ്യമാകെ 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ കാർഡ് മരവിപ്പിക്കുമെന്നാണ് സൂചന.

