എസ്‌ഐആര്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറായി അപേക്ഷിക്കുന്നവര്‍ ഇനി ‘അധിക സത്യവാങ്മൂലം’ (ഡിക്ലറേഷൻ ഫോം) നല്‍കേണ്ടതില്ല. കഴിഞ്ഞ രാത്രിയോടെ വോട്ടേഴ്സ് പോര്‍ട്ടലില്‍ നിന്ന് ഈ ഫോം ഒഴിവാക്കിയതിനാല്‍, അപേക്ഷിക്കാന്‍ ഇനി ‘ഫോം 6’ മാത്രം നല്‍കിയാല്‍ മതിയാകും. അതേസമയം, എസ്‌ഐആര്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ ഡിക്ലറേഷൻ ഫോം നല്‍കേണ്ടതുമുണ്ട്. എസ്‌ഐആര്‍ അവസാനിച്ച ശേഷവും പുതിയ വോട്ടറാകാന്‍ അപേക്ഷിക്കുന്നവര്‍ എസ്‌ഐആര്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വന്ന സ്ഥിതിയാണ് ഇതിലൂടെ ഒഴിവായത്. ‘ഫോം 6’ ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മീഷൻ സ്വന്തം നിലയ്ക്ക് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ഉള്‍പ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കഴിഞ്ഞദിവസം വിയോജനക്കുറിപ്പെഴുതിയിരുന്നു.

