ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) 2026 ലോകകപ്പിന് മുന്നോടിയായിയാണ് പരമ്പരാഗത നീല ജഴ്സിയില്‍ നിന്ന് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്.മുൻ പുരുഷ ടീം നായകൻ വിരേൻ രാസ്ക്യുൻഹയടക്കം ഇതിൽ വിമർശനവുമായി രംഗത്തെത്തി.അതേ സമയം യൂണിഫോമിന്റെ നിറം മാറ്റാനുള്ള തീരുമാനം സപ്പോർട്ട് സ്റ്റാഫില്‍ നിന്നും കളിക്കാരില്‍ നിന്നുമുള്ള ശുപാർശകളുടെയും അവരുമായുള്ള വിശദമായ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് എടുത്തത് എന്നാണ് വിശദീകരണം . സാങ്കേതിക കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. നീല പ്ലേയിംഗ് യൂണിഫോം നീല സിന്തറ്റിക് പ്ലേയിംഗ് പ്രതലവുമായി കലർന്നുപോകുന്നതായി ശ്രദ്ധയിപ്പെട്ടു. ഇത് അന്താരാഷ്ട്ര ഹോക്കി പിച്ചുകളുടെ സ്റ്റാൻഡേർഡ് നിറമാണ്. ഈ സമാനത കളിക്കളത്തില്‍ കളിക്കാരുടെ വ്യക്തതയെയും ദൃശ്യപരതയെയും ബാധിച്ചു എന്നും വിശദീകരണത്തിൽ പറയുന്നു.സാങ്കേതിക കാര്യങ്ങള്‍ക്ക് പുറമേ, ധൈര്യം, ത്യാഗം, ദേശീയ അഭിമാനം എന്നിവയെ പ്രതീകപ്പെടുത്തുന്ന നമ്മുടെ ദേശീയ പതാകയുടെ നിറങ്ങളില്‍ ഒന്നായി കുങ്കുമത്തിന് ആഴത്തിലുള്ള പ്രാധാന്യമുണ്ട്.പരിശീലകരില്‍ നിന്നും കളിക്കാരില്‍ നിന്നും ലഭിച്ച സാങ്കേതിക പ്രതികരണങ്ങളും നമ്മുടെ ദേശീയ പതാകയുടെ ഭാഗമായിരിക്കുന്ന നിറവുമായി ബന്ധപ്പെട്ട പ്രതീകാത്മക മൂല്യവും പരിഗണിച്ച ശേഷമാണ് ഇപ്പോഴത്തെ കുങ്കുമ നിറത്തിലേയ്ക്കുള്ള മാറ്റം നടപ്പിലാക്കിയത്.’- എന്നാണ് ഹോക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

