ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി.2030 ഡിസംബറോടെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇ ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയില്‍വേ ശൃംഖല യാത്രക്കാർക്കും ചരക്കുനീക്കത്തിനും പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുങ്ങുന്നത്.കുവൈത്തില്‍നിന്ന് ആരംഭിക്കുന്ന റെയില്‍വേ പാത സൗദി അറേബ്യയിലെ ദമ്മാമിലെത്തും. അവിടെനിന്ന് ബഹ്‌റൈനും ഖത്തറിലേക്കും നീളും. തുടർന്ന് സൗദിയില്‍നിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്ന പാത അബുദാബി, അല്‍ ഐൻ എന്നിവിടങ്ങളിലൂടെ കടന്നുപോകും. പിന്നീട് ഒമാനിലെ സോഹാർ വഴി മസ്കറ്റിലെത്തും. യാത്രാ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റർ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും സർവീസ് നടത്തുക. 2045 ആകുമ്പോഴേക്കും എട്ട് മില്യണിലധികം യാത്രക്കാരെയും 95 മില്യണ്‍ ടണ്‍ ചരക്കുകളും കൈകാര്യം ചെയ്യാൻ റെയില്‍വേ ശൃംഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

