കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.ബാങ്കിൽ ചില വ്യക്തികൾ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, അവിടെയെത്തിയ ഇഡി ഒരു വ്യക്തിയുടെ കുറ്റകൃത്യമെന്നതിലുപരി സിപിഎമ്മിനെ തന്നെ പ്രതിയാക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥത്തിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കി മാറ്റുകയാണ് ഇഡി ചെയ്തത്.ഇഡി മനസ്സിൽ കാണുന്ന കാര്യങ്ങൾ മാപ്പുസാക്ഷികൾ പറയണമെന്ന് നിർബന്ധിക്കുകയും, അത്തരത്തിലുള്ള പ്രസ്താവനകൾ അവരുടെ കയ്യിൽ നിന്നും എഴുതിവാങ്ങി വലിയ തെളിവുകളായി അവതരിപ്പിച്ച് സിപിഐഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഏജൻസി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരായി വന്നവരെല്ലാം പ്രതികളാക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഏജൻസികൾ നടത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വ്യക്തമാക്കി.

