ആം ആദ്മി പാര്‍ട്ടിയിലെ (എഎപി) ഏഴ് എംപിമാര്‍ ബിജെപിയില്‍ ലയിച്ച നടപടി രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന്‍ അംഗീകരിച്ചു.ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 113 ആയി ഉയര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ അംഗസംഖ്യ പത്തില്‍ നിന്ന് മൂന്നായി കുറയുകയും ചെയ്തു.
ഏപ്രില്‍ 24-നാണ് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട് ഏഴ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രാഘവ് ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് ബിജെപിയില്‍ ലയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ കൂടുമാറ്റം. പാര്‍ട്ടി വിട്ട ഏഴ് പേരില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്നു എന്നത് ശ്രദ്ധേയമാണ്.
എംപിമാരുടെ ലയനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ (അയോഗ്യതാ നിയമം) പ്രകാരം എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ടെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ തുടങ്ങിയ ഭരണഘടനാ വിദഗ്ധരുമായി പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നിയമപ്രകാരം ഇവര്‍ അയോഗ്യരാക്കപ്പെടാന്‍ ബാധ്യസ്ഥരാണെന്നും സഞ്ജയ് സിംഗ് അവകാശപ്പെട്ടു. എന്നാല്‍ രാജ്യസഭാ അധ്യക്ഷന്‍ ലയനം അംഗീകരിച്ചതോടെ നിയമസഭാ പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങാനാണ് സാധ്യത.

