പാലായുടെ സുവര്‍ണ്ണകാലംനമ്മള്‍ വീണ്ടെടുക്കണം-ജോസ് കെ മാണി

ജോസ് കെ. മാണി ഒരു പൊതുപ്രവര്‍ത്തകനായിട്ട് ഏകദേശം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. കടന്നുവന്ന വഴികളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു?
കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ടിലൂടെയാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഭാരവാഹിത്വം വഹിക്കാനും പിന്നീട് ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാനും സാധിച്ചു. രണ്ടരപതിറ്റാണ്ടുകാലം വളരെ വേഗത്തില്‍ കടന്നുപോയി. ഇക്കാലയളവില്‍, രാഷട്രീയത്തിലെ ഉയര്‍ച്ച – താഴ്ച്ചകള്‍ക്കപ്പുറത്ത്, വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ അടുത്തറിയാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവയ്ക്ക് കഴിയുന്നവിധത്തില്‍ പരിഹാരമുണ്ടാക്കാനും അവസരം ലഭിച്ചു.
രാഷ്ട്രീയപ്രവര്‍ത്തനം പലപ്പോഴും പുറമെ കാണുന്നതുപോലെ അത്ര സുഗമമല്ല. കല്ലും മുള്ളും നിറഞ്ഞ വഴികള്‍ തന്നെയാണ്. എന്നാല്‍ ജനങ്ങള്‍ തരുന്ന നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥമായ വിശ്വാസവുമാണ് നമുക്ക് ലഭിക്കുന്ന പ്രതിഫലവും, മുന്നോട്ടുപോകുന്നതിനുള്ള ചാലകശക്തിയും. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കാനായി എന്നത് വളരെയേറെ ചരിതാര്‍ഥ്യവും സന്തോഷവും നല്‍കുന്നു.


കെ. എം. മാണിയുടെ പുത്രന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയചിന്താധാരകളും പ്രവര്‍ത്തനങ്ങളും എത്രമാത്രം താങ്കളെ സ്വാധീനിച്ചിട്ടുണ്ട്?
ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം മാണിസാര്‍ എന്ന് വിളിച്ചിരുന്ന അച്ചാച്ചന്‍ തന്നെയാണ് രാഷ്ട്രീയത്തിലെ എന്റെ ഗുരുനാഥനും. അദ്ദേഹത്തിന്റെ രാഷ്ട്രീയനയങ്ങളും വികസനകാഴ്ചപ്പാടുകളുമാണ് ഞാന്‍ പിന്തുടരുന്നത്. അധ്വാനിക്കുന്ന ജനവിഭാഗമാണ് ഒരു നാടിന്റെ വികസനത്തിന്റെ അടിസ്ഥാനശിലയെന്നും അവരുടെ സമഗ്രക്ഷേമം ലക്ഷ്യം വച്ചാണ് സര്‍ക്കാരുകള്‍ വികസനപദ്ധതികളും നയപരിപാടികളും ആവിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.


ശ്രീ കെ. എം. മാണി മുന്നോട്ടുവച്ച അധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിന്റെയും കാതല്‍ ഇത് തന്നെയാണ്. ജനങ്ങളാണ് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ഏറ്റവും വലിയ ശക്തിയെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ജീവിച്ചു കാണിച്ചുതന്നു. എല്ലാവരോടും സമഭാവന പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും എപ്പോഴും നീതിപൂര്‍വ്വകമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യവും. ഏതൊരു മകനും അവകാശപ്പെടാവുന്നതുപോലെ അച്ചാച്ചനാണ് എന്റെ സൂപ്പര്‍ ഹീറോ. അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാന്‍ പരിശ്രമിക്കുന്നത്.


കെ. എം. മാണിയെക്കൂടാതെ താങ്കളെ സ്വാധീനിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ ആരൊക്കെയാണ്?
കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യവും അച്ചടക്കബോധവും കൃത്യതയും എന്നെ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്. അതോടൊപ്പം മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരോത്സാഹവും, അപാരമായ ക്ഷമയും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവും ആരെയും പ്രചോദിപ്പിക്കുന്നതാണ്. ഞാന്‍ സജീവമായി പൊതുപ്രവര്‍ത്തനം ആരംഭിച്ചകാലത്ത് ശ്രീ അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. നിരന്തരമായ പരിശ്രമത്തിലൂടെയും ഉയര്‍ച്ച താഴ്ചകളിലൂടെയും പാകപ്പെട്ടുവന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്രയും എന്നെ സ്വാധീനിച്ചിട്ടുണ്ട്.


തിരക്കേറിയ രാഷ്ട്രീയജീവിതത്തില്‍ സ്വന്തം കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് എന്തുപറയുന്നു?
ഒരു രാഷ്ട്രീയപ്രവര്‍ത്തകന് പലപ്പോഴും സ്വന്തം കുടുംബത്തോടൊപ്പം മറ്റുള്ളവരെപ്പോലെ സമയം ചിലവഴിക്കാന്‍ കഴിയാറില്ല. അവരുടെ കുടുംബാംഗങ്ങളുടെ ഇത്തരത്തിലുള്ള നഷ്ടവും സഹനവും പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ എല്ലാ പരിമിതികളും നന്നായി മനസ്സിലാക്കി ഉറച്ച പിന്തുണയാണ്, എന്റെ ജീവിതത്തിന്റെ നല്ല പാതികൂടിയായ നിഷ നല്‍കുന്നത്. ജനങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലുമൊക്കെ ഭാര്യ സഹായിക്കാറുണ്ട്. ഇളയ മകന്‍ കുഞ്ഞുമാണിക്കൊപ്പം മറ്റ് മക്കളായ പ്രിയങ്കയും റിതികയും അവരുടെ കുടുംബാംഗങ്ങളും എല്ലാത്തിനും എപ്പോഴും കൂടെയുണ്ട്. ഒപ്പം അച്ചാച്ചന്റെ വേര്‍പാടിനുശേഷം ഞങ്ങളുടെ കുടുംബത്തിന്റെ മാര്‍ഗ്ഗദീപമായ അമ്മച്ചിയുടെ പ്രാര്‍ത്ഥനകളും.


ഇതുവരെ താങ്കള്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ വികസനപദ്ധതികളില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്ന് പദ്ധതികള്‍ ഏതൊക്കെയാണ്?
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമ്മള്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടതും സമയം കൂടുതല്‍ ചിലവഴിക്കേണ്ടതുമുണ്ട്. അവയെല്ലാം അത്യന്തം ശ്രമകരവുമാണ്. അത്തരം പദ്ധതികള്‍ സഫലമാകുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയുമാണ്.
ഈ മാനദണ്ഡം വച്ചുനോക്കുമ്പോള്‍ പാലായിലെ ട്രിപ്പിള്‍ ഐടിയും കുറവിലങ്ങാടുള്ള സയന്‍സ് സിറ്റിയും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ്. നമ്മുടെ പാലായെ ‘അറിവിന്റെ ഒരു പവര്‍ ഹൌസ്’ ആക്കി മാറ്റുന്നതിന് ഈ സ്ഥാപനങ്ങള്‍ തീര്‍ച്ചയായും സഹായിക്കും. ദേശീയ പ്രാധാന്യമുള്ള ഈ

സ്ഥാപനങ്ങള്‍ പാലായുടെ യശ്ശസ്സുയര്‍ത്തുക മാത്രമല്ല, നമ്മുടെ ഭാവിതലമുറയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വലിയ മുതല്‍ക്കൂട്ടാകും. അതോടൊപ്പം, സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി, സ്വന്തം ഭവനവും ജീവിതസൗകര്യങ്ങളും മാറ്റിവച്ച്, നിസ്വാര്‍ത്ഥസേവനം ചെയ്യുന്ന ബഹുമാനപ്പെട്ട സിസ്റ്റഴ്‌സിന് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനും അവരില്‍ അര്‍ഹരായവരെ സാമൂഹ്യക്ഷേമ പെന്‍ഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിലും എനിക്കും കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്കും വളരെ ചരിതാര്‍ഥ്യമുണ്ട്.


പാലായെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കുമെന്ന് പറയുന്നു. എന്തൊക്കെയാണ് ഭാവി പദ്ധതികള്‍?
ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരും സമകാലികരും ഏറെ ത്യാഗം ചെയ്ത് പടുത്തുയര്‍ത്തിയ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമ്മുടെ നാടിന്റെ അഭിമാനസ്തംഭങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്കൊപ്പം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായ പാലാ ട്രിപ്പിള്‍ ഐ.ടി.യും, കുറവിലങ്ങാട് സയന്‍സ് സിറ്റിയും, മുത്തോലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റും, ഒപ്പം കോട്ടയം ജില്ലയില്‍ എന്റെ ശ്രമഫലമായി കൊണ്ടുവന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ്, കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവ, നമ്മുടെ പാലായ്ക്ക്, സമീപഭാവിയില്‍ തന്നെ രാജ്യത്തെ ഏറ്റവും മികച്ച ഒരു എജ്യുക്കേഷന്‍ ഹബ് ആകുന്നതിനുള്ള അനന്തസാധ്യതകള്‍ തുറക്കുന്നു. നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍നിന്നും പ്രതിഭാശാലികളായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പാലായിലെത്തി ഉന്നതപഠനം നടത്തി അവരുടെ ഭാവി സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്നത്. അതുവഴി, നമ്മുടെ സ്വന്തം കുട്ടികളുടെ ജീവിതസ്വപ്നങ്ങള്‍ക്കും പറന്നുയരാന്‍ വിശാലമായ ഒരു ആകാശം ലഭിക്കുന്നു. ട്രിപ്പിള്‍ ഐടിയോട് ചേര്‍ന്ന് വരാന്‍ പോകുന്ന നിര്‍ദ്ദിഷ്ട ഇന്‍ഫോസിറ്റിയും, പാലായുടെ മുഖഛായ തന്നെ മാറ്റാന്‍ പര്യാപ്തമായ മികച്ച തൊഴില്‍-നിക്ഷേപ സാധ്യതകളുള്ള ഒരു വന്‍ പദ്ധതിയാണ്.


പാലായുടെ വികസനത്തിനായി സമഗ്രമായ എന്തെങ്കിലും വിഷന്‍ ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കുന്നുണ്ടോ?
പാലായുടെ മാത്രമല്ല, മീനച്ചില്‍ താലൂക്കിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി ഒരു റീജണല്‍ പ്ലാനിംഗ് ബോഡി എന്ന നിലയില്‍, പാലാ ആസ്ഥാനമായി ഗ്രേറ്റര്‍ മീനച്ചില്‍ ഡെവലപ്‌മെന്റ് അതോറിറ്റി (വിശാല മീനച്ചില്‍ വികസന അതോറിറ്റി) രൂപീകരിക്കുകയാണ് അടുത്ത ലക്ഷ്യം. ഈ പദ്ധതി അഞ്ച് സുപ്രധാന വികസനമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: 1) കൃഷിയും കൃഷിയധിഷ്ഠിത വ്യവസായങ്ങളും, 2) ഗ്രീന്‍ ഇന്‍ഡസ്ട്രി കോറിഡോര്‍ (ഹരിത വ്യവസായ ഇടനാഴി), 3) വിനോദസഞ്ചാര വികസനം, 4) ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍, 5) മീനച്ചില്‍ നദിയും നദീതട സംരക്ഷണവും.


യുവജനങ്ങള്‍ കേരളത്തിനും രാജ്യത്തിനും പുറത്തേയ്ക്ക് കുടിയേറി പോകുന്നതിനെ എങ്ങനെ കാണുന്നു? ഇത് പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണോ?
കേവലം അവസരങ്ങളുടെ കുറവ് എന്നതിനപ്പുറം ലോകത്തിലെ ഏറ്റവും മികച്ച അവസരങ്ങള്‍ തേടുവാനും അവ നേടിയെടുക്കുവാനും കഴിവും നിശ്ചയദാര്‍ഢ്യവുമുള്ള വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് നമുക്കുള്ളത്. അതുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളാണ് നമ്മള്‍ സൃഷ്ടിക്കേണ്ടത്. ഗ്രെയ്റ്റര്‍ മീനച്ചില്‍ വികസന അതോറിറ്റിയുടെ കീഴില്‍ പാലാ കേന്ദ്രീകരിച്ച് ഗ്രീന്‍ ഇന്‍ഡസ്ട്രി കോറിഡോര്‍ രൂപീകരിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിനനുയോജ്യമായതും ഭാവിതലമുറയുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ളതുമായ തൊഴിലവസരങ്ങളും വമ്പന്‍ നിക്ഷേപ സാധ്യതകളും സൃഷ്ടിക്കും. അങ്ങനെ, നമ്മുടെ പാലാ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളുടെ നാടാകും. ഇതിന്റെ ആദ്യപടിയാണ് നിര്‍ദ്ദിഷ്ട ഇന്‍ഫോ സിറ്റി. അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ മീനച്ചില്‍ മേഖലയെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി (Knowledge Economy) രൂപാന്തരപ്പെടുത്തും. നമ്മുടെ യുവജനങ്ങള്‍ തൊഴില്‍ സാദ്ധ്യതകള്‍ തേടുന്നവര്‍ മാത്രമല്ല, ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തൊഴില്‍ ദാതാക്കളുമായി മാറണമെന്നാണ് എന്റെ ആഗ്രഹം.


അതോടൊപ്പം മീനച്ചില്‍ പ്രദേശം മുഴുവനും, ലോകോത്തരനിലവാരമുള്ള അടിസ്ഥാനസൗകര്യവികസനം ഉറപ്പുവരുത്തും. പാലാനഗരത്തില്‍ സ്മാര്‍ട്ട് സിറ്റി മാതൃകയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
മീനച്ചില്‍ നദിയുമായി ഇഴചേര്‍ന്നുകിടക്കുന്ന സാംസ്‌കാരിക – ആത്മീയപാരമ്പര്യങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേകപദ്ധതികള്‍ നടപ്പിലാക്കും. എന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് പാലായെ അനന്തമായ സാധ്യതകളുടെ ഒരു നഗരമാക്കുക എന്നതാണ് എന്റെ ദൗത്യമെന്ന് എനിക്ക് ഉറപ്പുണ്ട്.


കാര്‍ഷികമേഖലയുടെ ഭാവി എന്താണ്? കാര്‍ഷികമേഖലയുടെ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് പരിഹരിക്കുക?
ഇന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കൃഷി ലാഭകരമല്ലാതായിരിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യ എത്രയൊക്കെ വളര്‍ന്നാലും കൃഷിയില്ലാതെ മനുഷ്യര്‍ നിലനില്‍ക്കില്ല. അതിനാല്‍ ലാഭനഷ്ടങ്ങള്‍ക്കപ്പുറത്ത് കൃഷി തുടരുക തന്നെ ചെയ്യും. പക്ഷേ, കര്‍ഷകര്‍ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍, നമ്മുടെ കൃഷിരീതികളെ ആധുനികവത്കരിക്കുകയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിതവസ്തുക്കളായി മാര്‍ക്കറ്റില്‍ എത്തിക്കുകയും വേണം. ഓരോ കര്‍ഷകനെയും ഒരു കാര്‍ഷിക-സംരംഭകനാക്കി വളര്‍ത്തുന്ന ഒരു സംവിധാനം നമ്മുടെ നാട്ടില്‍ ഒരുക്കിയെടുക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന്. അതിനായി അഗ്രോ ഇന്‍ഡസ്ട്രി ക്ലസ്റ്ററുകള്‍ സ്ഥാപിക്കണം. അതോടൊപ്പം കാര്‍ഷികവിളകള്‍ക്ക് മികച്ച വില ലഭിച്ചാലേ കാര്‍ഷിക മേഖല രക്ഷപെടുകയുള്ളൂ. അത് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കൃഷിക്കും കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി കേരളാ കോണ്‍ഗ്രസ് (എം)-നെപ്പോലെ നിലകൊണ്ട മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ലോകത്തുണ്ടാകില്ല. റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും ഞങ്ങളുടെ തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഫലമായാണ് താങ്ങുവില ഇപ്പോള്‍ 200 രൂപ ആയിരിക്കുന്നത്. അത് ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്.


പാലാ നിയോജകമണ്ഡലത്തിലെ ടൂറിസം സാദ്ധ്യതകള്‍ എന്തൊക്കെയാണ്?
മീനച്ചില്‍ പ്രദേശത്ത് ടൂറിസം വികസനത്തിന് അപാരമായ സാധ്യതകളാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഒരു സംയോജിത പൈതൃക – തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് (Integarted Heritage and Pilgrim Tourism Circui)സ്ഥാപിക്കും. ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ പ്രദേശങ്ങളിലും ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് എന്നിവ പ്രോത്സാഹിപ്പിക്കും. 2011 വരെ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന ഈ സ്ഥലങ്ങളെ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവന്നത് പാലാ നിയോജകമണ്ഡലത്തിലോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതിനുശേഷം
ശ്രീ. കെ. എം. മാണി മുന്‍കൈ എടുത്താണെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
കൂടാതെ പാലായിലും കോട്ടയം ജില്ലയിലുമുള്ള മികച്ച ഹോസ്പിറ്റലുകളുടെ പശ്ചാത്തലത്തില്‍ ആയുര്‍വേദ-മെഡിക്കല്‍ ടൂറിസം സാധ്യതകളും യാഥാര്‍ത്ഥ്യമാക്കണം. ടൂറിസം വികസനം പ്രാദേശികതലത്തില്‍ പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കും.


കേരള കോണ്‍ഗ്രസുകള്‍ക്കെല്ലാം ക്രൈസ്തവസമുദായത്തിന്റെ പിന്തുണ ഉള്ളതായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എങ്ങനെ നോക്കിക്കാണുന്നു?
മധ്യകേരളത്തില്‍, മീനച്ചില്‍ പ്രദേശത്ത് ക്രൈസ്തവരാണ് കൂടുതലുള്ളത്. മധ്യകേരളത്തിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ സ്വാഭാവികമായും ക്രൈസ്തവസമുദായത്തിന്റെ പിന്തുണ വിവിധ കേരളാ കോണ്‍ഗ്രസുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.. ഇക്കാര്യം നന്ദിയോടെ ഓര്‍ക്കുന്നു. അതേസമയം, കേരളാ കോണ്‍ഗ്രസ്സ് (എം) ജാതിമതഭേദമെന്യേ എല്ലാവരുടെയും പാര്‍ട്ടിയാണ്. നിലവിലുള്ള അഞ്ച് എംഎല്‍എമാരില്‍ രണ്ട് പേര്‍ ഹൈന്ദവ സമുദായത്തില്‍ നിന്നുള്ളവരാണ്. വിവിധ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി മത്സരിപ്പിച്ചിട്ടുണ്ട്. വിവിധ കേരളാ കോണ്‍ഗ്രസുകളില്‍ ഏറ്റവും കൂടുതല്‍
‘പാന്‍ കേരള’ സ്വാധീനവും മതേതരസ്വഭാവവുമുള്ളത് ശ്രീ. കെ.എം. മാണിയുടെ കരുത്തും കരുതലുമുള്ള നേതൃത്വത്തിന്റെ കീഴില്‍ വളര്‍ന്നുവന്ന കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിക്കാണ്.
മുനമ്പം വിഷയത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിലപാട് എടുക്കാനുള്ള കാരണം എന്താണ്?
മുനമ്പം വിഷയത്തില്‍ ഇടത് – വലത് മുന്നണികള്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയെന്ന നിലയില്‍ മുന്നണിക്ക് വിരുദ്ധമായല്ല, മറിച്ച് അതിനോട് ചേര്‍ന്നുതന്നെ നില്‍ക്കുന്നതും എന്നാല്‍ അല്പം വ്യതിരിക്തവുമായ നിലപാടാണ് ഞാന്‍ രാജ്യസഭയില്‍ സ്വീകരിച്ചത്. മുനമ്പം നിവാസികളുമായി സംസാരിച്ചതിന്റെയും, ഈ വിഷയം ആഴത്തില്‍ പഠിച്ചതിന്റെയും പിന്‍ബലത്തില്‍ അവരുടെ പക്ഷത്തും അതുപോലെ വിവിധ നേതൃതലങ്ങളിലുള്ള സഭാപിതാക്കന്മാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളിലും സ്വാഭാവിക നീതി നിര്‍ബന്ധിക്കുന്ന ചില കാര്യങ്ങളുണ്ട് എന്ന പൂര്‍ണ്ണബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു വ്യതിരിക്തമായ നിലപാട് സ്വീകരിച്ചത്. ഇന്ത്യയിലെ ഒരു പൗരനും ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ഭാഷാ-ലിംഗ-ദേശഭേദമനുസരിച്ച് ഒരുതരത്തിലുമുള്ള വേര്‍തിരിവിനും നീതികേടിനും വിധേയമാകാന്‍ പാടില്ല എന്ന വെള്ളം ചേര്‍ക്കാത്ത ഉറച്ച നിലപാടാണ് എനിക്കും കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്കുമുള്ളത്.


ജോസ് കെ. മാണി എന്ന രാഷട്രീയ നേതാവ് ആളുകള്‍ക്ക് സമീപിക്കാന്‍ ബുദ്ധിമുട്ടുള്ള, ഭയങ്കര ജാഡയുള്ള ഒരു വ്യക്തിയാണോ?
ഒരിക്കലുമല്ല. എന്നെ അടുത്തറിയുന്നവര്‍ അങ്ങനെ പറയുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അത്തരത്തിലുള്ള കുപ്രചരണങ്ങളൊക്കെ രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് മാത്രമാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പവഴി അതിന്റെ നേതാവിനെ തകര്‍ക്കുകയാണ് എന്ന് ബോധ്യമുള്ള ചിലരാണ് ഇത്തരത്തിലുള്ള കുപ്രചാരണവുമായി ഇറങ്ങുന്നത്. ഏതെങ്കിലും ഒരു പ്രശ്‌നവുമായി വരുന്നവരെ, നിയമപരവും ഭരണപരവുമായ എല്ലാ സാദ്ധ്യതകളും മനസിലാക്കി പരമാവധി സഹായിക്കുകയാണ് എപ്പോഴും ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ പലരും പ്രയോഗിക്കുന്ന പ്രകടനപരതയും അഭിനയവും അത്ര വഴക്കമില്ല എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. പക്ഷേ ജനങ്ങളും പാര്‍ട്ടിക്കാരും നല്‍കുന്ന സ്‌നേഹവും ആത്മാര്‍ത്ഥതയും നോക്കുമ്പോള്‍ ഞാന്‍ ജനങ്ങളില്‍നിന്നും അകന്നാണ് നില്‍ക്കുന്നത് എന്ന് എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.


പാലായിലെ വികസനങ്ങളെല്ലാം താങ്കള്‍ ഭരണപക്ഷത്തെ സ്വാധീനം ഉപയോഗിച്ച് തടസപ്പെടുത്തുന്നു എന്നാണ് ആരോപണം. എന്താണ് മറുപടി?
പാലാ എന്റെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ്. ശ്രീ കെ.എം. മാണി സ്വന്തം മക്കളെപ്പോലെ ഹൃദയത്തോട് ചേര്‍ത്തുവച്ച നാടാണ് പാലാ. ആ പാലായില്‍ എങ്ങനെയും വികസനം വരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പുതിയ പദ്ധതികളും വികസനപരിപാടികളും മണ്ഡലത്തില്‍ കൊണ്ടുവരുന്നതിന് ഒരു എം.എല്‍.എ. അല്ലെങ്കില്‍ എം.പി. ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ജനങ്ങളുടെ വികസനതാല്പര്യങ്ങളറിയുന്നതിന് അവരുമായി തുടര്‍ച്ചയായി സംവദിക്കണം. കാര്യങ്ങള്‍ വിശദമായി പഠിക്കണം. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടണം. നിയമപരവും ഭരണപരവുമായ സാദ്ധ്യതകള്‍ പരിശോധിക്കണം. എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമയോടും ഇച്ഛാശക്തിയോടും അവ പരിഹരിക്കണം. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും സര്‍ക്കാരുകളെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് ചടുലമായി പ്രവര്‍ത്തിക്കണം.
ഇതൊന്നും ചെയ്യാതെ വെറുതേ ഉറങ്ങിയെണീക്കുമ്പോള്‍ വികസനം വരില്ല. ക്ളാസില്‍ കയറാതെ, ഒന്നും പഠിക്കാതെ ഉഴപ്പിനടക്കുകയും പരീക്ഷയെഴുതി റിസള്‍ട്ട് വന്നതിനുശേഷം റാങ്ക് കിട്ടിയില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. പാലായിലെ നിലവിലെ എം.എല്‍.എ.യ്ക്ക് അദ്ദേഹം പലപ്രാവശ്യം സമ്മതിച്ചതുപോലെ വികസനകാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് കടുത്ത ആലസ്യം മൂലമാണെന്നാണ് എന്റെ നിഗമനം. അതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല.


രാഷ്ട്രീയ ജീവിതത്തില്‍ കര്‍ശനമായി പിന്തുടരാന്‍ ഇഷ്ടപ്പെടുന്ന തത്വങ്ങള്‍ എന്തൊക്കെയാണ്?
ജനങ്ങളാണ്, അവരുടെ പിന്തുണയാണ് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ മൂലധനം. രാഷ്ട്രീയപ്രവര്‍ത്തനം ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി ചെയ്യേണ്ട ഒരു സേവനം കൂടിയാണ്. എന്റെ പിതാവ് എന്നെ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന ഒരു കാര്യം – ‘ജനങ്ങള്‍ നമ്മുടെ അടുത്ത് വരുന്നത് അവര്‍ക്ക് നമ്മളെ വിശ്വാസമുള്ളതുകൊണ്ടാണ്, ആ വിശ്വാസം എപ്പോഴും കാത്തുസൂക്ഷിക്കണം’. അതോടൊപ്പം രാഷ്ട്രീയകാര്യങ്ങളിലും വികസനകാര്യങ്ങളിലും തീരുമാനമെടുക്കുമ്പോള്‍ എല്ലാ തലങ്ങളും വളരെ ആഴത്തില്‍ പഠിക്കണം. കാര്യങ്ങളെ

ശാസ്ത്രീയമായി അപഗ്രഥിക്കണം. അപ്പോള്‍ പരമാവധി ജനങ്ങള്‍ക്ക്, ദീര്‍ഘകാലത്തേയ്ക്ക്, പരമാവധി ഗുണം ലഭിക്കുന്ന തീരുമാനങ്ങളിലേയ്ക്കും നയരൂപീകരണത്തിലേയ്ക്കും നയിക്കും. അതുപോലെ ഞാന്‍ ഒരു ‘ജെന്റില്‍ മാന്‍’ രാഷ്ട്രീയം ആഗ്രഹിക്കുന്ന വ്യക്തിയാണ്. അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കാറില്ല. ആര്‍ക്കെതിരെയും അപവാദപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്താറില്ല. വിമര്‍ശനങ്ങള്‍ വസ്തുതാപരമാകുമ്പോഴാണ് രാഷ്ട്രീയം ക്രിയാത്മകമാകുന്നത്.


ഇടതുമുന്നണിയില്‍ ചേര്‍ന്നത് രാഷ്ട്രീയമായി ലാഭമാണോ നഷ്ടമാണോ?
യു.ഡി.എഫില്‍ നിന്നും തക്കതായ കാരണങ്ങളില്ലാതെ നിഷ്‌ക്കരുണം പുറത്താക്കുകയാണ് ചെയ്തത്. എന്നാല്‍ എല്‍.ഡി.എഫ്. ഞങ്ങളെ ചേര്‍ത്തുപിടിച്ചു. അര്‍ഹമായ പരിഗണന എപ്പോഴും നല്‍കി. എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ ഭാഗമായി നിന്ന് ഞങ്ങള്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പല പദ്ധതികളും യു.ഡി.എഫില്‍ ആയിരുന്നെങ്കില്‍ നടക്കില്ലായിരുന്നു എന്നുറപ്പാണ്. കേരളം കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫില്‍ ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള മേഖലകളില്‍ പാര്‍ട്ടിയാഗ്രഹിക്കുന്ന രീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യാന്‍ കഴിഞ്ഞു. ആത്യന്തികമായി കേരളത്തിലെ ജനങ്ങള്‍ക്ക് നേട്ടമുണ്ടായി.


ഇത്തവണ പാലായിലെ വിജയസാധ്യതകളെ എങ്ങനെ കാണുന്നു? എന്തൊക്കെയാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍?
പാലായില്‍ മികച്ച ഭൂരിപക്ഷത്തോടെ തീര്‍ച്ചയായും ജയിക്കും. തിരഞ്ഞടുപ്പ് പ്രചരണം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. തന്ത്രങ്ങളിലല്ല പാലായിലെ ജനങ്ങളിലാണ് വിശ്വാസം.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...