കോക്രോച്ച് ജനതാ പാർട്ടി മുഖ്യവക്താവ് സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ടിൽ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.നിയമനിർവഹണ ഏജൻസികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബർ 23ന് ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നും അതുവരെ പാസ്പോർട്ട് ഉപയോഗിക്കരുതെന്നും നിർദേശിച്ചിരുന്നു.ഓക്സ്ഫഡ് യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് പുറപ്പെടാനെത്തിയ സൗരവ് ദാസിനെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ തടയുകയായിരുന്നു. കേംബ്രിജ്, എഡിൻബറോ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കാൻ അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു.2019ൽ ലഭിച്ച പാസ്പോർട്ട് ഉപയോഗിച്ച് നേരത്തേ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നോട്ടീസ് ലഭിച്ചതെന്നും സൗരവ് ദാസ് പ്രതികരിച്ചു. തന്റെ അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, വിദേശയാത്ര തടഞ്ഞ നടപടിക്കെതിരെ സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. യാത്ര തടയുന്നതിനുള്ള ഉത്തരവുകളൊന്നും വിമാനത്താവളത്തിൽ ഹാജരാക്കിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

