ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ കൗണ്‍സിലർമാർക്ക് നല്‍കിയിരിക്കുന്നത്.ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തണം എന്ന ‘തന്ത്രപരമായ’ രാഷ്ട്രീയ നിര്‍ദേശം മുന്നോട്ടുവയ്ക്കുമ്പോഴും സ്വതന്ത്ര മുന്നണിയുടെ പ്രതിനിധിയെ പിന്തുണക്കേണ്ടതില്ലെന്ന തീരുമാനമാണ് മുന്നണി കൗണ്‍സലർമാര്‍ക്ക് യുഡിഎഫും കോണ്‍ഗ്രസും നല്‍കിയിരിക്കുന്നത്.യുഡിഎഫിലെ ഘടകകക്ഷികളായ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കും, അഫിലിയേറ്റ് കക്ഷിയായ കെഡിപിയുടെ പ്രതിനിധിക്കും സമാനമായ വിപ്പാണ് നേതൃത്വം കൈമാറിയിരിക്കുന്നത്.അതായത്, യുഡിഎഫ് പിന്തുണയോടുകൂടി അധികാരത്തില്‍ ഇരിക്കുന്ന സ്വതന്ത്ര മുന്നണിയുടെ നഗരസഭാ അധ്യക്ഷ ദിയ ബിനുവിന് അനുകൂലമായി വോട്ട് ചെയ്യുക എന്ന നിർദ്ദേശത്തിന് പകരം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അംഗങ്ങള്‍ക്ക് യുഡിഎഫ് ഘടകകക്ഷികള്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയമായി ഇടതുമുന്നണിയെ ചെറുക്കുമ്പോഴും സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കുന്നില്ല എന്ന കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ഇതിലൂടെ യുഡിഎഫ് നല്‍കുന്നത്.ഇത്തരത്തില്‍ നഗരസഭാ ഭരണത്തിനെതിരായ ഒരു നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് നേതൃത്വംകൂടി എത്തിയതോടെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് നഗരസഭാധ്യക്ഷ ദിയ ബിനുവിനെ പുറത്താക്കുകയെന്ന കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരുടെ നീക്കത്തോട് കണ്ണടയ്ക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.സ്വതന്ത്ര മുന്നണിയുടെ ‘അടിമത്വ ഭരണത്തിനെതിരെ’ പാലാ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി സ്വീകരിച്ച നിലപാടിന് ഇതോടെ സംസ്ഥാന നേതൃത്വവും ഭാഗികമായി പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണ്‍ എന്ന താരപരിവേഷം ലഭിച്ച ദിയ ബിനു സ്ഥാന ലബ്ധി കൈവരിച്ച് കേവലം ആറുമാസങ്ങള്‍ക്കിപ്പുറം നാണംകെട്ട് പടിയിറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.ഇത്തരം ഒരു ഒരു പതനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് സ്വതന്ത്ര മുന്നണി അംഗങ്ങളുടെ ഏകാധിപത്യ സമീപനവും ഗുണ്ടാ നിലപാടുകളും ആണ് എന്നാണ് ആരോപണം. കളങ്കിതരായ സിപിഎം നേതാക്കളുമായി സ്വതന്ത്ര മുന്നണി രൂപീകരിച്ച അവിശുദ്ധസഖ്യങ്ങള്‍ വെളിച്ചത്തായതോടെയാണ് നഗരഭരണത്തെ കൈവിടാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തീരുമാനിക്കുന്നത്.ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ്റ്റാന്റ് വിട്ടുനല്‍കാനുള്ള സ്വതന്ത്ര മുന്നണിയുടെ തീരുമാനമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഒടുവില്‍ അതേ സിപിഎം കൂടിചേര്‍ന്ന് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിലൂടെ സ്വതന്ത്രമുന്നണി നിലംപതിക്കുകയും ചെയ്യുകയാണ്.

